Monday, May 13, 2024
keralaNewspolitics

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളി: യുവമോര്‍ച്ച

പെന്‍ഷന്‍ പ്രായം 57 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയെന്ന് യുവമോര്‍ച്ച. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നങ്ങളാണ് ഇല്ലാതാകുക.മുഖ്യമന്ത്രി പിണറായി വിജയന് 11ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വ്യാഴാഴ്ച നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 57 വയസ്സാക്കി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ റിട്ടയര്‍മെന്റ് ഇനത്തില്‍ നല്‍കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒളിച്ചോടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പ്രായം കൂട്ടലെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നു പോലും അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനം നല്‍കാത്ത പിണറായി സര്‍ക്കാര്‍ യുവജന വഞ്ചന തുടരുകയാണ്. കഴിഞ്ഞവര്‍ഷം റിക്കാര്‍ഡ് റിട്ടയര്‍മെന്റുകള്‍ ഉണ്ടായിട്ടുപോലും ആനുപാതികമായി നിയമനം നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശകള്‍ പുനപരിശോധിക്കണമെന്നും പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.