Wednesday, May 22, 2024
keralaNewspolitics

പൂരത്തിന്റെ നാട്ടില്‍ ബിജെപി തൃശൂരിനെ പിടിക്കാന്‍ എല്‍ഡിഎഫ് നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ യുഡിഎഫ്

തൃശൂര്‍ ജില്ല ഒരു കാലത്ത് യുഡിഎഫ് മണ്ഡലമായിരുന്നു. കെ. കരുണാകരനാണ് തൃശൂരിനെ യുഡിഎഫിന്റെ കുത്തകയാക്കിയത്. അന്ന് ലീഡറുടെ തട്ടകം എന്നുപോലും തൃശൂര്‍ ജില്ല അറിയപ്പെടാന്‍ തുടങ്ങി. ക്രൈസ്തവരെയും മുസ്ലിങ്ങളെയും മത്സ്യത്തൊഴിലാളികളെയും സ്ത്രീകളെയും – എല്ലാ വോട്ടുബാങ്കുകളെയും തൃപ്തിപ്പെടുത്തി മുന്നേറിയതിനാലാണ് കോണ്‍ഗ്രസിന് തൃശൂര്‍ കോട്ടയായി മാറിയത്. എന്നാല്‍ ക്രമേണ എല്‍ഡിഎഫ് അവരുടെ സ്വാധീനം ഉറപ്പിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് തൃശൂരില്‍ ഭൂരിപക്ഷം നേടുന്നത്. സിപിഎമ്മിന് പുറമെ, സിപിഐയ്ക്കും നല്ല സ്വാധീനമുള്ള മണ്ണാണ് തൃശൂര്‍. എന്തായാലും ഇക്കുറി പൂരത്തിനായി കാത്തിരിക്കുന്ന അതേ ആവേശത്തോടെയാണ് തൃശൂര്‍കാര്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നത്.2016ല്‍ ഇടതുപക്ഷം ചുവപ്പണിയിച്ച ജില്ലയാണ് തൃശൂര്‍. ആകെയുള്ള 13 മണ്ഡലങ്ങളില്‍ 12ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് യുഡിഎഫ് നേടിയത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കര മാത്രമാണ് യുഡിഎഫ് ടിക്കറ്റില്‍ വിജയിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നിന്ന ജില്ലയാണ് തൃശൂര്‍. തൃശൂര്‍ നഗരസഭയില്‍ ഇരുകൂട്ടരും ഒപ്പം സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് വിമതനെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഇവിടെ അധികാരം പിടിച്ചെടുത്തത്.തൃശൂര്‍ നഗരത്തിന്റെ ഹൃദയമിടിപ്പായ തൃശൂര്‍ മണ്ഡലം തന്നെയാണ് ഇവിടെ പ്രധാനം. ഇക്കുറി മന്ത്രി സുനില്‍കുമാര്‍ ഉണ്ടാകില്ല. പകരം സിപിഐ ജില്ലാ സെക്രട്ടറി കെ.വത്സരാജ്, സംസ്ഥാനകൗണ്‍സില്‍ അംഗം പി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയിലുള്ളത്. 2016ല്‍ 6,987 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുനില്‍കുമാര്‍ ഇവിടെ ജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ ബിജെപിയ്ക്ക് വേണ്ടി ബി. ഗോപാലകൃഷ്ണന്‍ പിടിച്ചത് 24,748 വോട്ടുകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂരില്‍ പ്രവര്‍ത്തിക്കുകയാണ് പത്മജ കോണ്‍ഗ്രസിനായി മിക്കവാറും പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്.
തൃശൂര്‍ ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ്. തൃശൂര്‍ ജില്ലയിലും ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ ബിജെപിക്കുണ്ട്. ഇവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോളിളക്കം സൃഷ്ടിച്ച സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയായി വന്നാലും അത്ഭുതപ്പെടാനില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി 37641 വോട്ട് നേടിയെന്ന് മാത്രമല്ല, സിപിഐയുടെ രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.എന്‍ഡിഎ വലിയ പ്രതീക്ഷകളോടെ കാണുന്ന ജില്ലയാണ് തൃശൂര്‍. ഇവിടെ അഞ്ച് സീറ്റെങ്കിലും പിടിക്കാനാവുമെന്ന് ബിജെപി കണക്കുകൂട്ടന്നു. നാട്ടിക, മണലൂര്‍, കയ്പമംഗലം, ഇരിഞ്ഞാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 30,000ല്‍പരം വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. തൃശൂര്‍ നിയോജകമണ്ഡലം മാത്രമല്ല, തൃശൂരിലെ മിക്ക മണ്ഡലങ്ങളിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി 40,000 വോട്ടുകള്‍ നേടി. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശൂരിന് ഏറെ പ്രധാന്യമുണ്ട്. എല്‍ഡിഎഫ് വോട്ടുകളില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു. ഇക്കുറി തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നതായി അറിയുന്നു. മുന്‍ ഡിജിപി ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും പരിഗണിക്കുന്നുണ്ട്. അദ്ദേഹം അതിരൂപതാ ആസ്ഥാനത്തെത്തി പിന്തുണ തേടിയിട്ടുള്ളതായും അറിയുന്നു.