Thursday, May 9, 2024
keralaNewspolitics

പുന്നോല്‍ ഹരിദാസനെ വധിച്ച കേസില്‍ പ്രതിയെ മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേ പിടികൂടി.

കണ്ണൂര്‍ :ന്യൂമാഹി സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേ പിടികൂടി.കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്.ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ ദാസ് സിപിഎം പ്രവര്‍ത്തകന്‍ പ്രശാന്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു.പാര്‍ട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു.

രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി.വീടിനു ചുറ്റുമുള്ള മുഴുവന്‍ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്ത ശേഷം 2 ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.രാത്രി പതിനൊന്നോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തു പരിശോധന നടത്തി.പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണു വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നു പ്രതി പിടിയിലായത്. പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലത്തിലായിരുന്നു നിഖില്‍ദാസ് ഒളിവില്‍ കഴിഞ്ഞിരുന്നത്. 2 മാസമായി ഒളിവിലായിരുന്നു.

സിപിഎം അനുഭാവിയാണു പ്രശാന്ത്. രേഷ്മ അധ്യാപികയാണ്. രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. നിഖിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14ാം പ്രതിയാണു നിഖില്‍. 2 പേര്‍ കൂടി പിടിയിലാവാനുണ്ട്.