Friday, March 29, 2024
indiakeralaNews

വിനിമയത്തിലുള്ള 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം

2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. നിലവില്‍ വിനിമയത്തിലുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേയാണ് പിന്‍വലിക്കുന്നത് എന്നര്‍ഥം. ഇനിമുതല്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ വിപണിയിലുള്ള 2000 രൂപാ നോട്ടുകള്‍ മാത്രമാണ്, ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധിയായ സെപ്റ്റംബര്‍ 30 വരെ വിനിമയത്തിന് ലഭ്യമാകുക.

പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കുന്നതിനു മാത്രമാണ് നിലവില്‍ നിരോധനമുള്ളത്. ഇപ്പോള്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്. കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഏതാണ്ട് നാലര മാസത്തോളം സമയമാണ് ലഭിക്കുക. മേയ് 23 മുതല്‍ ഇതിനുള്ള ക്രമീകരണം ബാങ്കുകളില്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. അതേസമയം, ഒറ്റത്തവണ പരമാവധി 20,000 രൂപ മാത്രമേ മാറ്റിയെടുക്കാനാകൂ എന്ന പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.