Thursday, May 2, 2024
AgriculturekeralaNews

പുതിയ മൂന്ന് ഇനം കാശിത്തുമ്പകള്‍ കണ്ടെത്തി.

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെയാണ് കണ്ടെത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥിനി എസ് ആര്യ ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്.പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍.മൂന്നാറിലും മതികെട്ടാന്‍ ചോലയിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി രാഷ്ട്രീയ തീരുമാനമെടുക്കുക വഴി സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ കാരണം. വെള്ളയില്‍ നേരിയ മഞ്ഞ കലര്‍ന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി എന്ന പേര് നല്‍കിയത്.