Sunday, June 9, 2024
keralaNews

പുഞ്ചവയലിൽ  എൽ.എ പട്ടയത്തിൽ നിന്നും വെട്ടിയ തേക്ക് തടി കൊണ്ടു പോകുന്നത് വനം വകുപ്പ് തടഞ്ഞു .

കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല .

എരുമേലി : സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിന്റെ മറവിൽ എരുമേലി വടക്ക് വില്ലേജ് മുണ്ടക്കയം ഓഫീസിൽ പരിധിയിൽ നിന്ന് വെട്ടിയ തേക്ക് തടി കൊണ്ടു പോകുന്നത് വനം വകുപ്പ് തടഞ്ഞു . എരുമേലി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട വണ്ടംപതാൽ  ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും വെട്ടിയ തേക്ക് തടികൾ കൊണ്ടു പോകുന്നതാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത് .പുഞ്ചവയൽ – 504 മേഖലയിൽ നിന്നും സ്വകാര്യ വ്യക്തി പാസിന്റെ പേരിൽ വെട്ടിയ നാല് തേക്ക് മരങ്ങളാണ്  വെട്ടിയത് .ഇതിൽ രണ്ട് മരത്തിന്റെ  തടികൾ  കണ്ടെത്തുകയും ഇത്  കൊണ്ടു  പോകുന്നത് തടയുകയുമായിരുന്നു. 100 മുതൽ 120 സെന്റീമീറ്റർ വരെ വണ്ണമുള്ള തടികളാണിത് .എന്നാൽ എൽ എ പട്ടയഭൂമിയിൽ നിന്നും തടി മുറിച്ച സംഭവത്തിൽ കേസെടുക്കുന്നത്  സംബന്ധിച്ച് വനം വകുപ്പും – റവന്യൂ വകുപ്പും തർക്കത്തിലായിരിക്കുകയാണ്.എൽ എ പട്ടയ വിഭാഗത്തിൽപ്പെട്ട 92 ഇനത്തിൽ റവന്യൂ ഭൂമിയിൽ നിന്നാണ് ഇപ്പോൾ മരം മുറിച്ചിരിക്കുന്നത്. 93ഇനത്തിൽ വന ഭൂമിയുണ്ടെങ്കിലും ഇവിടെ നിന്ന് മരം മുറിച്ചിട്ടില്ലെന്നാണ്  വനം വകുപ്പ് പറയുന്നത് .അതുകൊണ്ടു തന്നെ  കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും അധികൃതർ പറഞ്ഞു. സർക്കാർ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ് പാസുകളാണ് വണ്ടംപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും നൽകിയത്.ഇതിൽ ഒരു പാസ് എൽ എ പട്ടയത്തിൽ നിന്നുമല്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.മുറിച്ച് കടത്തിയ ബാക്കി തടികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.എന്നാൽ കല്യാണം ,പഠനം തുടങ്ങിയ വീട്ടാവശ്യത്തിനായാണ് മരങ്ങൾ വെട്ടിയതെന്നും  പറയുന്നു .