Saturday, May 18, 2024
keralaNews

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് നടന്‍:

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നവയില്‍ ഒരു സീറ്റ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് നടന്‍ പ്രതികരിച്ചു. ദീര്‍ഘകാലമായി കോണ്‍ഗ്രസ് അനുഭാവം പരസ്യമായി പ്രകടിപ്പിക്കുന്ന നടനാണ് ധര്‍മജന്‍.

അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ സന്ദര്‍ശിക്കുകയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം, ഇപ്പോള്‍ ലീഗിന്റെ പക്കലുള്ള സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ധര്‍മജന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. സി.പി.എം. സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി 15,000ത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.