Saturday, April 27, 2024
indiaNews

പാക് ചാരസംഘടന ഐഎസ്ഐയുമായും ലഷ്‌കര്‍-ഇ-ത്വായ്ബയുമായും ബന്ധമുണ്ടെന്ന് മൊഴി

ലക്നൗ: ഉമേഷ്പാല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ആതിഖ് അഹമ്മദിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് പ്രയാഗ്രാജ് കോടതി. ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുന്നതിനിടെയാണ് കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്റഫിനെയും പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉമേഷ്പാല്‍ കൊലക്കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുമായും ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വായ്ബയുമായും തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആതിഖ് മുഹമ്മദിന്റെ മൊഴിയും കുറ്റപത്രത്തില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആയുധങ്ങള്‍ക്ക് ക്ഷാമം ഇതുവരെ നേരിട്ടിട്ടില്ല. കാരണം ഐഎസ്ഐയുമായും ലഷ്‌കറുമായും നേരിട്ട് എനിക്ക് ബന്ധമുണ്ട്. പാകിസ്താനില്‍ നിന്നുള്ള ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ പഞ്ചാബ് അതിര്‍ത്തിയില്‍ ഇറക്കും. അവിടെയുള്ള പ്രാദേശിക ബന്ധം ഉപയോഗപ്പെടുത്തി ആയുധങ്ങള്‍ കൈവശപ്പെടുത്തും. കശ്മീരിലുള്ള ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതും ഇത്തരത്തിലാണ്. അവിടേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയാല്‍ ഉപയോഗിച്ച വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും വീണ്ടെടുക്കാന്‍ സാധിക്കും. ‘ ഇതായിരുന്നു ആതിഖിന്റെ മൊഴി.ഏപ്രില്‍ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ഏപ്രില്‍ 17 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധിയെന്ന് പ്രയാഗ്രാജ് കോടതി വ്യക്തമാക്കിയിരുന്നു.