Saturday, May 18, 2024
keralaNewsObituary

‘പരേതനായ’ പ്രതിയെ പോലീസ് പിടികൂടി

വിഴിഞ്ഞം: വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി റോബര്‍ട്ടിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്‌ക്കെത്താതെ മുങ്ങുയായിരുന്നു.അന്വേഷിച്ചപ്പോള്‍ പ്രതി മരിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തില്‍ ‘പരേതനായ’ പ്രതി തമിഴ്‌നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സണ്‍, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ് .

അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിഴിഞ്ഞം പോലീസ് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനായി മുഹമ്മദിനെ കണ്ടെത്തിയത്.