Friday, May 17, 2024
keralaNews

പഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റം; നാല് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: പുറമറ്റത്ത് വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎമ്മിന്റെ കയ്യേറ്റം. പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് സിപിഎം വനിതാ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകായിരുന്നെന്ന് സൗമ്യ പറഞ്ഞു.                                                               

അക്രമികള്‍ ചുരിദാര്‍ വലിച്ചു കീറുകയും ഷാള്‍ വലിച്ചെടുക്കുകയും ചെയ്തു. പ്രസിഡന്റിനെതിരായ അവിശ്വാസം കഴിഞ്ഞ ദിവസം പരാജയപ്പെട്ടതിന് പിന്നാലെയാണ് കയ്യേറ്റമുണ്ടായത്.

സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തക ശോഭിക, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് പ്രസിഡന്റ് സ്ഥാനം ഒരു വര്‍ഷത്തെ കാലാവധിയായിരുന്നു സിപിഎം അനുവദിച്ചിരുന്നത്.                       

എന്നാല്‍ ഇതിനുശഷവും രാജിവയ്ക്കാതിരുന്നതാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാനുണ്ടായ കാരണം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു.

എന്നാല്‍ ക്വോറം തികയാത്തതിനാല്‍ ചര്‍ച്ചയ്ക്കെടുക്കാതെ എല്‍ഡിഎഫ് ആവശ്യം തള്ളുകയായിരുന്നു.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ വൈരാഗ്യമാണ് സിപിഎം അക്രമത്തിന്റെ കാരണമെന്നും യുഡിഎഫ് പിന്തുണയോടെ ഭരണം തുടരുമെന്നും സൗമ്യ പറഞ്ഞു.