Tuesday, May 14, 2024
keralaNews

നൂറോളം മോഷണങ്ങള്‍ നടത്തിയ കുട്ടിക്കള്ളന്മാര്‍ അടക്കം നാല് പേര്‍ പിടിയില്‍

നഗരത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നൂറോളം കവര്‍ച്ചകള്‍ നടത്തിയ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഒടുവില്‍ പോലീസ് പിടിയില്‍. കക്കോടി സ്വദേശി ജിഷ്ണു, മക്കട ബദിരൂര്‍ സ്വദേശി ധ്രുവന്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയുമാണ് ചേവായൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ലഹരി ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

പ്രതികള്‍ വീട്ടില്‍ രക്ഷിതാക്കള്‍ ഉറങ്ങിയതിന് ശേഷം മുറിപൂട്ടി പുറത്തിറങ്ങും, തുടര്‍ന്ന് നേരത്തെ പറഞ്ഞുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വച്ച് നാലുപേരും കണ്ടുമുട്ടും. ആദ്യം കാണുന്ന ഇരുചക്രവാഹനം കവരും. ഒരുമിച്ച് ഒരേ ബൈക്കില്‍ കറങ്ങിയാണ് പിന്നീടുള്ള കവര്‍ച്ച. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നാല്‍ വഴിയിലുപേക്ഷിച്ച് അടുത്ത വാഹനവുമായി വീണ്ടും യാത്ര തുടരുന്നതാണ് പ്രതികളുടെ രീതി. കവര്‍ച്ച പൂര്‍ത്തിയാക്കി പുലരും മുന്‍പ് വീട്ടില്‍ തിരിച്ചെത്തി ഒന്നുമറിയാത്ത മട്ടില്‍ മുറിയില്‍ കയറി കിടന്നുറങ്ങും.

ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്നതു അറസ്റ്റിലായ സംഘമാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. കുറ്റിക്കാട്ടൂര്‍, ബാലുശ്ശേരി, കുമാരസ്വാമി, അത്തോളി തുടങ്ങി ഇടങ്ങളിലെ കോഴിക്കടകളിലും പലചരക്ക് കടകളിലും സംഘം കവര്‍ച്ച നടത്തി. ജിഷ്ണുവും ധ്രുവനും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരെയും പങ്കെടുപ്പിച്ച് നടത്തിയ കവര്‍ച്ചാ പരമ്പര പൊലീസുകാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

വേഗത്തില്‍ പൂട്ട് പൊളിക്കാന്‍ പാകത്തിലുള്ള കടകളാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വര്‍ക്ക് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റാണ് പലപ്പോഴും കവരുന്ന വാഹനങ്ങളില്‍ പതിപ്പിച്ചിരുന്നത്. പൊലീസിനെ കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ രീതി. സി.സി.ടി.വി ദൃശ്യങ്ങളും സൂചനകളും പിന്തുടര്‍ന്നാണ് ക്രൈം സ്‌ക്വാഡ് നാലുപേരെയും പിടികൂടിയത്. പിടിയിലായ ജിഷ്ണു ദിവസങ്ങള്‍ക്ക് മുന്‍പാണ് കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയത്.