Wednesday, May 22, 2024
keralaNews

നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ഡൗണ്‍

സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. നാളെയും മറ്റന്നാളും നടത്തുമെന്ന് അറിയിച്ചിരിക്കുന്ന പരീക്ഷകള്‍ക്കു മാറ്റമില്ല. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.രണ്ട് ദിവസവും സ്വകാര്യ ബസ് ഇല്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇനി തിങ്കളാഴ്ച തുറക്കും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. അടുത്ത ചൊവ്വാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഇന്നലെ തുറന്നു.ശനിയും ഞായറും സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കും. നിത്യപൂജകള്‍ നടക്കും. സമീപമുള്ളവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു ദര്‍ശനം നടത്താം. സമ്പൂര്‍ണ ലോക്ഡൗണായതിനാല്‍ വാഹനങ്ങള്‍ അനുവദിക്കുകയില്ല.ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. നിര്‍മ്മാണമേഖലയിലുള്ളവര്‍ക്കു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.