Friday, May 17, 2024
keralaNewspolitics

നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറുടെ അംഗീകാരം.

തിരുവനന്തപുരം :നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണറുടെ അംഗീകാരം. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി വൈകിപ്പിച്ചതോടെ സഭ ചേരുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്ന വിഷയത്തിലാണ് പ്രധാനമായും ഗവര്‍ണര്‍ വിയോജിച്ചത്. തന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ നിയമിച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ വിയോജന കത്ത് നല്‍കിയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.സര്‍ക്കാരിനു വേണ്ടി വിയോജന കത്തു നല്‍കിയ പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് ഗവര്‍ണര്‍ പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. നിയമസഭാ സമ്മേളനം ചേരാന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രാവിലെ 9 മണിക്കു സഭാ സമ്മേളനം ആരംഭിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനു വിഹിതം നല്‍കുമ്പോള്‍ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിനു ഇതൊന്നുമില്ലാതെ പെന്‍ഷന്‍ നല്‍കുന്നതു ശരിയല്ലെന്നാണു ഗവര്‍ണറുടെ നിലപാട്. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു ഗവര്‍ണര്‍ക്കു എതിര്‍പ്പില്ലായിരുന്നു.