Tuesday, May 14, 2024
EntertainmentkeralaNews

നങ്ങ്യാര്‍കൂത്തില്‍ ആദ്യ മുസ്ലീം യുവതിയുടെ അരങ്ങേറ്റം

തിരുവനന്തപുരം: ക്ഷേത്രകലയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലീം വനിതയായി ഷിബിന റംല. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഷിബിന റംല നങ്ങ്യാര്‍കൂത്തില്‍ അരങ്ങേറ്റം നടത്തിയാണ് ചരിത്രത്തിന്റെ ഭാഗമായത്.                    പടിയരഞ്ഞാണവും കീരിടവുമണിഞ്ഞ് മാര്‍ഗി നാട്യഗ്രൃഹത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശ്രീകൃഷണ ലീല നങ്ങ്യാര്‍കൂത്താണ് റംല അവതരിപ്പിച്ചത്. ബെംഗളൂരുവില്‍ എച്ച് ആര്‍ അസോസിയേറ്റായ ഷിബിന മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി ഉഷയ്ക്ക് കീഴില്‍ ഓണ്‍ലൈനായായിരുന്നു ഷിബിനയുടെ പഠനം. ജോലി തിരക്കുകള്‍ക്കിടയില്‍ രാത്രിയായിരുന്നു പഠനം. ഒരുമാസം മുന്‍പ് വലിയശാല മാര്‍ഗി കൂടിയാട്ട വിദ്യാലയത്തിലെത്തി ഗുരു ഉഷയുടെ ശിക്ഷണത്തില്‍ അരങ്ങേറ്റത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജാതിയും മതവുമായി കലയ്ക്ക് ബന്ധമില്ലെന്നാണ് റംലയുടെ പക്ഷം. ഇതരമതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ക്ഷേത്രങ്ങളില്‍ റംല സന്ദര്‍ശനം നടത്താറുണ്ട്. ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കണം എന്നതാണ് ഷിബിനയുടെ ആഗ്രഹം.