Thursday, May 2, 2024
keralaNews

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

കൊച്ചി : ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്.ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.പട്ടിക ജാതിസംവരണ വിഭാഗത്തില്‍പ്പെട്ട മണ്ഡലത്തില്‍ രാജയുടെ നാമനിര്‍ദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കര്‍ക്കും സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശിച്ചു.