Friday, May 17, 2024
indiaNewsSports

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയ്ക്ക് ആധികാരിക ജയം

റാഞ്ചി : ഇഷാന്‍ കിഷന്റെയും ശ്രേയസ്സ് അയ്യരുടേയും തകര്‍പ്പന്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയ്ക്ക് ജയം. 279 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യര്‍ കരിയറിലെ രണ്ടാം സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചു പറത്തിയ ഇഷാന്‍ കിഷന്‍ 84 പന്തില്‍ 93 റണ്‍സ് നേടി. 25 പന്തുകള്‍ ബാക്കിയുള്ളപ്പോഴാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം നേടിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റിന് 278 റണ്‍സാണെടുത്തത്. 79 റണ്‍സെടുത്ത എയ്ഡന്‍ മാക്രമും 74 റണ്‍സെടുത്ത റീസ ഹെന്‍ട്രിക്കസുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്.  ഡേവിഡ് മില്ലര്‍ 35 ഉം ക്ലാസന്‍ 30 ഉം റണ്‍സെടുത്തു. റണ്‍സ് കൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ മൊഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറില്‍ താഴെ പിടിച്ച് നിര്‍ത്തിയത്. പത്ത് ഓവറില്‍ 38 റണ്‍സ് വഴങ്ങി സിറാജ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. അവസാന പത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 57 റണ്‍സ് മാത്രമാണ് നല്‍കിയത്.ഇത് കളിയില്‍ നിര്‍ണായകമായി. ശാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ നാല്‍പ്പത്തിയേഴാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ ബൗളിംഗിലൂടെ ദക്ഷിണാഫ്രിക്ക പിടിച്ചു നിര്‍ത്തി. 48 റണ്‍സിനിടെ ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും വീഴ്ത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും സാവധാനമാണ് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് 161 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പുണ്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ഫോര്‍ട്ടിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച് കിഷന്‍ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയപാതയിലെത്തിയിരുന്നു. 84 പന്തില്‍ ഏഴ് കൂറ്റന്‍ സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. നാലാം വിക്കറ്റില്‍ ശ്രേയസ്സിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. 111 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെ 113 റണ്‍സുമായി ശ്രേയസ്സ് അയ്യരും 36 പന്തില്‍ 29 റണ്‍സുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 13 റണ്‍സും ശുഭ്മാന്‍ ഗില്‍ 28 റണ്‍സുമാണ് നേടിയത്.പരമ്പരയിലെ മൂന്നാമത്തെ മത്സരം 11 ന് ഡല്‍ഹിയില്‍ നടക്കും. നിലവില്‍ ഇരു ടീമുകളും ഓരോ കളികള്‍ വീതം ജയിച്ച് സമനിലയിലാണ്.