Monday, April 29, 2024
keralaNews

തോട്ടില്‍ പോള നിറഞ്ഞതിനാല്‍, ബോട്ടുമാര്‍ഗം ആശുപത്രിയില്‍ എത്തിക്കാനായില്ല. രോഗി ചികിത്സ കിട്ടാതെ മരിച്ചു.

തോട്ടില്‍ പോള നിറഞ്ഞതിനാല്‍, രോഗിയെ ബോട്ടുമാര്‍ഗം ആശുപത്രിയില്‍ എത്തിക്കാനായില്ല. കോവിഡ് ബാധിതന്‍ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പില്‍ രാജപ്പനാ (60)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. എന്നാല്‍, പെണ്ണാര്‍ തോട്ടില്‍ പോള നിറഞ്ഞതിനാല്‍ രാത്രിയില്‍ ബോട്ട് ഓടിക്കാന്‍ കഴിയില്ലായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല.വെള്ളിയാഴ്ച പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രാജപ്പന് കോവിഡ് സ്ഥിരീകരിച്ചത്.വാഹനസൗകര്യമില്ലാത്തിനാല്‍ വാദ്യമേക്കരിയിലെ ജനങ്ങള്‍, പെണ്ണാര്‍തോട്ടിലൂടെ ബോട്ടിലാണ് പുറംലോകത്തെത്താറുള്ളത്. തോട്ടില്‍ പോള നിറഞ്ഞതിനാല്‍, ചീപ്പുങ്കല്‍-മണിയാപറമ്പ് റൂട്ടിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടും സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്.
അയ്മനം-ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. പോള നീക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.രാജപ്പന്റെ ഭാര്യ: ലീല, കറുകപ്പറമ്പ് കുടുംബാംഗം. മക്കള്‍: രാജി, രജിത, രാഹുല്‍. മരുമക്കള്‍: സന്തോഷ്, റെജി, രഞ്ജിത.