Saturday, May 11, 2024
keralaNewsUncategorized

തിരുവനന്തപുരത്ത് കടലാക്രമണം: വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടുകളിലെയും കടലെടുക്കാന്‍ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് വീടുകളിലേക്ക് കടലടിച്ച് കയറിയത്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത . സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ പരക്കെ മഴസാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മധ്യ, തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും, കോഴിക്കോട് ജില്ലകളിലുമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മോശം കാലാവസ്ഥയ്ക്കും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.