Wednesday, May 1, 2024
keralaNews

താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത് ദിലീപ്.

കൊച്ചി :നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. നാളെ അവധി ദിനമായിട്ടും 11 മണിക്ക് വാദം കേള്‍ക്കും.ദിലീപ് ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.

ഫോണ്‍ താന്‍ നേരിട്ട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് പരിശോധിക്കുന്നത് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണെന്നു ദിലീപ് പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം കോടതിക്കു നല്‍കാമെന്നും ദിലീപ് അറിയിച്ചു. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. വ്യക്തിപരമായ പല വിവരങ്ങളും ആ ഫോണിലുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെ പല കാര്യങ്ങളും ഈ ഫോണ്‍ വഴിയാണ് നടത്തുന്നതെന്നും ദിലീപ് പറഞ്ഞു.ഫോണ്‍ ഹൈക്കോടതി റജിസ്ട്രാറിന് കൈമാറാന്‍ സാധിക്കില്ലെ എന്നു കോടതി ചോദിച്ചു. പ്രതി തന്നെ പരിശോധന നടത്തി വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നും ഫോണ്‍ കൈമാറുന്നത് ബാലചന്ദ്രകുമാറിനും പ്രോസിക്യൂഷനും കേസ് വഴിതിരിച്ചുവിടാന്‍ സഹായകരമാകുമെന്നും ദിലീപ് വാദിച്ചു.