Sunday, May 12, 2024
keralaNews

തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നു ;മോന്‍സന്‍ മാവുങ്കല്‍

തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നെന്ന് പുരാവസ്തു തട്ടിപ്പില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കല്‍. ടിവി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മോന്‍സന്‍ മൊഴി നല്‍കി.ചാനലിനായി 10 ലക്ഷം രൂപ കൈമാറിയെന്നും നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.മറ്റു ചില സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. അതിന്റെ രേഖകള്‍ കൈവശമുണ്ട്. ചാനല്‍ സ്വന്തമാക്കി ആ പിന്‍ബലത്തില്‍ തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും മോന്‍സന്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകളോ രേഖാമൂലമുള്ള നടപടികളോ ആരംഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. ചാനല്‍ ഉടമകളായ സിഗ്‌നേച്ചര്‍ മീഡിയയുടെ ഓഫിസുകളില്‍ മോന്‍സനെ എത്തിച്ച് തെളിവെടുക്കും.10 കോടി നല്‍കാമെന്നു പറഞ്ഞതല്ലാതെ ഒരു രൂപയും മോന്‍സന്‍ നല്‍കിയിട്ടില്ലെന്ന് ടിവി സംസ്‌കാരയുടെ സ്ഥാപക എംഡിയായിരുന്ന ഹരിപ്രസാദ് വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്റെ വിലയിരുത്തല്‍ അനുസരിച്ച് നിലവില്‍ ചാനലിന്റെ ഉടമസ്ഥാവകാശം ഹരിപ്രസാദിന്റെ കൈവശമല്ല. ചാനലില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ട്. ഹരിപ്രസാദുമായാണ് സാമ്പത്തിക ഇടപാടുകള്‍ താന്‍ നടത്തിയിരുന്നതെന്നാണ് മോന്‍സന്റെ അവകാശവാദം.ലോകകേരള സഭ നടക്കുമ്പോള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അംഗങ്ങള്‍ ചാനല്‍ ഓഫിസില്‍ വന്നിരുന്നു. അവരുടെ രക്ഷാധികാരി മോന്‍സനെ കാണാന്‍ ചാനല്‍ സിഇഒ ആയ സംവിധായകന്‍ രാജസേനന്‍ ഉള്‍പ്പെടെ തങ്ങള്‍ കുറച്ചു പേര്‍ കൊച്ചിയിലെ വീട്ടില്‍ പോയിരുന്നു. തന്നെ ചെയര്‍മാനാക്കിയാല്‍ ചാനലിനു 10 കോടി രൂപ തരാമെന്നായിരുന്നു മോന്‍സന്റെ വാഗ്ദാനമെന്നും ഹരിപ്രസാദ് പറഞ്ഞു.

താന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു പോവുകയാണെന്നും ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രമോഷനു വേണ്ടി ഒരു വിഡിയോ എടുത്തുവയ്ക്കാമെന്നും മോന്‍സന്‍ പറഞ്ഞതായും ഹരിപ്രസാദ് പറഞ്ഞിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താന്‍ ടിവി സംസ്‌കാരയുടെ ചെയര്‍മാനാണെന്ന് മോന്‍സന്‍ അവകാശവാദം ഉന്നയിച്ചു. സിനിമാ മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ മോന്‍സന്‍ ഇത്തരത്തില്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.