Wednesday, May 1, 2024
indiaNewspolitics

തമിഴ്നാട് നഗരസഭാ തെരഞ്ഞെടുപ്പ്; ബിജെപി മിന്നും ജയം

ചെന്നൈ: തമിഴ്നാട് നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ ബിജെപിക്ക് മികച്ച നേട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കുത്തകയായിരുന്ന പല മുന്‍സിപ്പാലിറ്റികളിലും ബിജെപി അക്കൗണ്ട് തുറന്നു. സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും നിസാര വോട്ടുകള്‍ക്കാണ് പലയിടത്തും വിജയം കൈവിട്ടത്.                                                  കോര്‍പ്പേറഷനുകളിലുള്‍പ്പെടെ ബിജെപി മികച്ച ചുവടുവെയ്പാണ് നടത്തിയത്. ബിജെപി ഒറ്റയ്ക്കാണ് ഇക്കുറി മത്സരിച്ചത്. അതുകൊണ്ടു തന്നെ ഈ നേട്ടം പാര്‍ട്ടിക്ക് ഇരട്ടിത്തിളക്കമാണ് നല്‍കുന്നത്. കൃഷ്ണഗിരി മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടെയാണ് ബിജെപി ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നത്. പത്താം നമ്പര്‍ വാര്‍ഡിലാണ് ബിജെപി നേതാവായ ശങ്കര്‍ വിജയിച്ചത്.തിരുപ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തോടെ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. ഒന്‍പതാം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടിയത്. ബിജെപിക്ക് 230 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് 30 വോട്ടുകള്‍ മാത്രമാണ്ലഭിച്ചത്.

മധുരൈ കോര്‍പ്പറേഷനിലെ 86 ാം വാര്‍ഡില്‍ ബിജെപിയുടെ പൂമ ജനശ്രീ വിജയിച്ചു.കോയമ്പത്തൂര്‍ ചെട്ടിപ്പാളയം മുന്‍സിപ്പാലിറ്റിയില്‍ രണ്ടും മൂന്നും വാര്‍ഡുകളിലും കന്യാകുമാരി മുന്‍സിപ്പാലിറ്റിയില്‍ ഒരു വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. കോയമ്പത്തൂര്‍ സൗത്ത് ചെത്തിപ്പാളയം മുന്‍സിപ്പാലിറ്റിയില്‍ രണ്ടും മൂന്നും വാര്‍ഡുകള്‍ ബിജെപി നേടി.നാഗര്‍കോവില്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം വാര്‍ഡില്‍ ബിജെപിയുടെ മീന ദേവ് വിജയിച്ചു. ദിണ്ടിഗല്‍ കോര്‍പ്പറേഷനിലെ പതിന്നാലാം വാര്‍ഡിലും ബിജെപി വിജയിച്ചു. വടുകപ്പട്ടി, ആര്‍എസ് മംഗളം മുന്‍സിപ്പാലിറ്റികളിലും ബിജെപിക്ക് ഒരോ സീറ്റുണ്ട്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിവേര് ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ് മുന്‍തൂക്കം. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ ഉള്‍പ്പെടെ പ്രചാരണഘട്ടത്തില്‍ ഡിഎംകെയ്ക്കെതിരെ ഉയര്‍ന്നുവന്നിരുന്നു.