Wednesday, April 24, 2024
keralaNewspolitics

അരനൂറ്റാണ്ടിലെ ജീവിതം പച്ച കലര്‍ന്ന ചുവപ്പ് പുസ്തകം ഇറക്കുന്നു. കെ.ടി.ജലീല്‍

തിരുവനന്തപുരം: ഡോ.കെ.ടി ജലീല്‍ എംഎല്‍എയുടെ പുസ്തകം പുറത്ത് വരുന്നു. അരനൂറ്റാണ്ടിലെ ജീവിതമാണ് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു.

പച്ച കലര്‍ന്ന ചുവപ്പ് എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും ലോകായുക്ത നീക്കങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രം തേടിയുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുസ്തകത്തിലുണ്ടെന്നാണ് ജലീലിന്റെ അവകാശവാദം. 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ ലീഗ്, മാദ്ധ്യമ വേട്ടയെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിയുമായി അകല്‍ച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം ലോകായുക്തയ്ക്കെതിരെ ഇന്നും കെ.ടി.ജലീല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. അഭയ കേസില്‍ സിറിയക് ജോസഫ് ഇടപെട്ടതായും ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടു. പ്രതികളുടെ നാര്‍ക്കോ പരിശോധനാ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശിച്ചുവെന്നും ജലീല്‍ ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവയ്ക്കുകയാണ് സിറിയക് ജോസഫ് ചെയ്യേണ്ടത്. അല്ലെങ്കില്‍ സിറിയക് ജോസഫിനെതിരായി മൊഴി കൊടുത്ത നാര്‍ക്കോ പരിശോധനാ ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എസ്.മാലിനി, സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കെ.ടി.ജലീല്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. രണ്ടിലൊരു കാര്യം അദ്ദേഹം ചെയ്യണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു.