Saturday, April 20, 2024
indiakeralaNews

അരിക്കൊമ്പന്‍ തമിഴ്നാട് വനം വകുപ്പിന്റെ വാഹനം തകര്‍ത്തു 

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട അരിക്കൊമ്പന്‍ തമിഴ്‌നാടിനു തലവേദനയാകുന്നു. കൊമ്പന്‍ നടന്ന് മേഘമലയിലെത്തി ഇവിടെ വനം വകുപ്പിന്റെ വാഹനം തകര്‍ത്തു. ഇവിടെയുള്ള കൃഷിയും നശിപ്പിച്ചു. സംഭവത്തിന് പിന്നാലെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തില്‍ മേഘമല, തേനി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയില്‍ പരിശോധന നടത്തി.വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.

പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.