Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; മുഖ്യമന്ത്രി

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യും. അതിഥി തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. 1845 വയസുള്ളവര്‍ക്കു ഒറ്റയടിക്ക് വാക്‌സീന്‍ നല്‍കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവര്‍ക്കും വാര്‍ഡുതല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും.വാര്‍ഡുതല സമിതിയിലുള്ളര്‍ക്കു സഞ്ചരിക്കാന്‍ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തു പോകുന്നവര്‍ പൊലീസില്‍നിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ഷോപ്പ് ആഴ്ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസം പ്രവര്‍ത്തിക്കണം. പള്‍സ് ഓക്‌സീമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.വീട്ടിനുള്ളിലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം. അയല്‍ക്കാരുമായി ഇടപെടേണ്ടി വന്നാല്‍ ഇരട്ട മാസ്‌ക് ഉപയോഗിക്കണം. സാധനങ്ങള്‍ കൈമാറിയാല്‍ കൈകഴുകണം. ചിട്ടി ഉള്‍പ്പെടെ വീട്ടില്‍ എത്തിയുള്ള പണപ്പിരിവുകള്‍ പാടില്ല. വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. പുറത്തുപോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകരുത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കോവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗവ്യാപനം കുറഞ്ഞില്ല. ലോക്ഡൗണ്‍ വേണ്ടിവന്നത് ഇതുകൊണ്ടാണ്. രോഗക്കണക്ക് കൂടിയാല്‍ മരണനിരക്കും കൂടും. ഇതിന് ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണാണ് ഫലപ്രദമായ നടപടി. ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25,000 പൊലീസുകാരെ നിയോഗിച്ചു.ലോക്ഡൗണിന്റെ ഗുണം ലഭിച്ചുതുടങ്ങാന്‍ ഒരാഴ്ചയിലേറെ എടുക്കും. അത്യാവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസും ഫയര്‍ഫോഴ്‌സും ഉണ്ടാകും. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.