Tuesday, May 14, 2024
keralaNews

ജാതി അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍: ജാതി അധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും – സാംസ്‌കാരിക വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ അംഗം ബീനാകുമാരി നിര്‍ദ്ദേശിച്ചു. ഇന്നലെയാണ് പ്രശസ്ത കലാകാരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം പുറത്തറിഞ്ഞത്.

മോഹിനിയാട്ടം കളിക്കുന്നവര്‍ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആണ്‍പിള്ളേരില്‍ സൗന്ദര്യം ഉള്ളവര്‍ ഇല്ലേ. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ ജൂനിയര്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങള്‍ക്ക് മുന്‍പിലും അവര്‍ വീണ്ടും അധിക്ഷേപം തുടരുന്നുവെന്നും പറഞ്ഞിരുന്നു.

താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റില്ലെന്നും കലയില്‍ സൗന്ദര്യത്തിനാണ് പ്രാധാന്യമെന്നുമായിരുന്നു രണ്ടാം തവണ സത്യഭാമ പറഞ്ഞത്. കലാ-സാംസ്‌കാരിക മേഖലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് സംഭവം വഴിവച്ചത്. സത്യഭാമ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആര്‍എല്‍വി കോളേജിലും പ്രതിഷേധം ശക്തമാവുകയാണ്. ഇത് സംബന്ധിച്ച പോസ്റ്റര്‍ ഉള്‍പ്പടെ ഉയര്‍ന്ന് കഴിഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്നവര്‍ വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് സംഭവത്തെ അപലപിച്ച് കൊണ്ട് കലാമണ്ഡലം അറിയിച്ചിരുന്നു.