Friday, May 17, 2024
keralaNewsObituary

ജനവിധിക്ക് കാത്തുനില്‍ക്കാതെ ജനനായകന്‍ വിടപറയുമ്പോള്‍…

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ സഹോദരനുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും നല്ലൊരു നേതാവിനെയാണ് നഷ്ടമായത്. നിലമ്പൂര്‍ സീറ്റ് അദ്ദേഹത്തിന് നല്‍കാനുള്ളത് ഒറ്റക്കെട്ടായ തീരുമാനം ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രകാശിന്റെ സൗമ്യമായ പെരുമാറ്റം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നുവെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ധൈര്യമായി ഇരുന്നോ, ഞാന്‍ ഒരു സീറ്റുമായി വരും എന്നാണ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു പ്രകാശെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന്റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു അംഗമെന്ന നിലയില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും ജനത്തിനു സഹായം എത്തിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും തയാറായിരുന്നെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.പൊതുപ്രവര്‍ത്തനത്തില്‍ സത്യസന്ധതയും അര്‍പ്പണ മനോഭാവവും പുലര്‍ത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ കാലഘട്ടത്തില്‍ കുറവാണ്. വി.വി. പ്രകാശന്‍ തികച്ചും വ്യത്യസ്തനായ രാഷ്ട്രീയക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.