Friday, May 17, 2024
keralaNewsUncategorized

ചേരാനെല്ലൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം

എറണാകുളം: കൊച്ചി ചേരാനെല്ലൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. ചൂരലും സ്റ്റീല്‍ പാത്രവും ഉപയോഗിച്ച് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ ചേരാനെല്ലൂര്‍ സ്വദേശി അരുണ്‍ എസ് മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്ന് രണ്ടാനച്ഛന്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് സ്‌കൂള്‍ അധ്യാപകരാണ് വിഷയത്തില്‍ ഇടപെട്ടത്. അവര്‍ വിവരം പൊലീസിനെയും ചൈല്‍ഡ് ലൈനിലും അറിയിച്ചതിനെ തുടര്‍ന്നാണ് അരുണ്‍ എസ് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ച് പൊലീസിനോടും അധ്യാപകരോടും കുട്ടി വിശദീകരിച്ചത്. പതിവിലും നേരത്തെ കിടന്ന് ഉറങ്ങിയതിനായിരുന്നു മര്‍ദ്ദനമെന്ന് കുട്ടി പറയുന്നു. സാധാരണ പഠിച്ചുതീര്‍ന്ന ശേഷം മാത്രമേ രണ്ടാനച്ഛന്‍ ഉറങ്ങാന്‍ സമ്മതിക്കാറുള്ളൂവെന്നും പുലര്‍ച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂര്‍ പോകാനുള്ളതിനാല്‍ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് അരുണ്‍ എസ് മേനോന്‍ കുട്ടിയെ തല്ലിയത്. മര്‍ദ്ദനത്തിലേറ്റ പരിക്കുകളെ തുടര്‍ന്ന് കസേരയില്‍ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടിയുള്ളത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.