Tuesday, May 14, 2024
keralaNews

ചൂരകള്‍ കൂട്ടത്തോടെ ശംഖുമുഖത്ത്

വിചിത്ര സംഭവങ്ങള്‍ക്കാണ് ശംഖുമുഖം കടല്‍ത്തീരം ഇന്നലെ സാക്ഷിയായത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ചോര്‍ന്നതിന് ശേഷം ആദ്യമായി ശംഖുമുഖം കടപ്പുറത്ത് ചൂര കൂട്ടമെത്തിയിരുന്നു. ഒരു മാസത്തിന് ശേഷം കരമടി വലയിലാണ് ചൂര കുടുങ്ങിയത്. ആദ്യം കരമടി വല വിരിച്ചപ്പോള്‍ കുടുങ്ങാതിരുന്ന ചൂരക്കൂട്ടത്തെ രണ്ടാമത്തെ തവണ വല വിരിച്ചപ്പോഴാണ് വലയിലാക്കാന്‍ കഴിഞ്ഞതെന്ന് അജിത്ത് ശംഖുമുഖം പറഞ്ഞു. അജിത് ശംഖുമുഖം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കരമടിയുടെ വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.ഫെബ്രുവരി ഒമ്പതാം തിയതി രാത്രി വേളി കടപ്പുറത്ത് ഫര്‍ണസ് ഓയില്‍ ചോര്‍ന്നിരുന്നു.ചുരുങ്ങിയത് നാല് കിലോമീറ്ററോളം കടലില്‍ ഫര്‍ണസ് ഓയില്‍ കലര്‍ന്നിരുന്നു എന്നാണ് കണ്ടെത്തല്‍ . ഇതിനെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്ന് കടലിലേക്ക് മലിന ജലം ഒഴുക്കാനായി നിര്‍മ്മിച്ച കാനല്‍ നാട്ടുകാര്‍ അടച്ചിരുന്നു.ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് തീരത്തുണ്ടായ നഷ്ടം നികത്താമെന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മലിന ജലമൊഴുകുന്ന കനാല്‍ തുറക്കാന്‍ നാട്ടുകാര്‍ പിന്നീട് അനുവദിച്ചത്. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മീനും ആമകളും ചത്ത് പൊങ്ങിയിരുന്നു. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് കടലില്‍ മത്സബന്ധനത്തിന് പോയവരുടെ വലകളില്‍ എണ്ണ പറ്റിപ്പിടിച്ച് മത്സ്യബന്ധനം പോലും ദുസഹമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.