Sunday, May 12, 2024
keralaNews

ചാലക്കുടിയില്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി.

ചാലക്കുടി: മേലൂരില്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മര്‍ദ്ദനമേറ്റെന്ന പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ മുടിയും മുറിച്ചു കളഞ്ഞു. കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം നല്‍കി തിരിച്ചു വരികയായിരുന്നു കുട്ടി. അക്രമികള്‍ ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു. സംഭവത്തില്‍ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.