Thursday, May 16, 2024
AgriculturekeralaNews

ചാലക്കുടിയാറില്‍ ജലനിരപ്പുയര്‍ന്നു; ഏക്കറുകണക്കിന് പാടം മുങ്ങി.

വേനല്‍ മഴയില്‍ ചാലക്കുടിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ നെല്‍കൃഷി വെള്ളക്കെട്ടില്‍ മുങ്ങി. എറണാകുളം, തൃശൂര്‍ ജില്ലകളിലായി ആറ്റുതീരത്തെ ഏക്കറുകണക്കിന് പാടമാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് വടക്കന്‍ പറവൂര്‍ കോഴിത്തുരുത്തിലെ സ്ലൂയിസ് കം ബ്രിഡ്ജിലെ മണല്‍ചാക്കുകള്‍ നീക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തി.

വേനല്‍മഴ ശക്തമായതോടെ ചാലക്കുടിയാറില്‍ ജലനിരപ്പുയര്‍ന്നതാണ് നെല്‍കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. അതിരപ്പിള്ളി വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ചാലക്കുടിയാറില്‍ ജലനിരപ്പുയരാന്‍ കാരണം. വടക്കന്‍ പറവൂര്‍ കണക്കന്‍ കടവിന് സമീപം ചാലക്കുടിയാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന മണല്‍ ബണ്ട് വെള്ളത്തെ തടഞ്ഞു നിര്‍ത്തുന്നതാണ് ജലനിരപ്പുയര്‍ത്തുന്നത്.

മണല്‍ ബണ്ടിന് സമീപത്തായുള്ള കോഴിത്തുരുത്ത് ബ്രിഡ്ജിലെ 4 സ്ലൂയിസും തുറന്നാല്‍ ഒരു പരിധിവരെ അധികജലം ഒഴുക്കി കളയാമെങ്കിലും അധികൃതര്‍ ഇതിന് തയാറല്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

നാല് സ്ലൂയിസിലെ ഒന്ന് മാത്രം തുറന്ന് മറ്റുള്ളവ മണല്‍ചാക്ക് കൊണ്ട് അടച്ചിരിക്കുകയാണ്. കൊയ്യാന്‍ പാകമായ നെല്ലാകെ വെള്ളക്കെട്ടിലായിരിക്കുകയാണ്. മണല്‍ചാക്കുകള്‍ പുനസ്ഥാപിക്കാന്‍ കുറഞ്ഞ ചെലവുമാത്രമേ ഉണ്ടാകൂവെന്നതും പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.