Saturday, May 18, 2024
keralaNews

ഗവിയിലെ വനംവകുപ്പ് ഓഫീസില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി : ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ഗവിയിലെ വനംവകുപ്പ് ഓഫീസില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി എടുത്തെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി. മാത്യുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്റെ നടപടി വനംവകുപ്പിന് കളങ്കമുണ്ടാക്കി. ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.പെരിയാര്‍ കടുവാ സങ്കേത്തിലെ ഗവി സ്റ്റേഷനിലെ താല്‍ക്കാലിക വനിതാ വാച്ചറെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. ആദിവാസി വിാഭഗത്തില്‍ നിന്നുള്ള വനിതാ വാച്ചറാണ് പരാതിക്കാരി. സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണ ഉണ്ടാക്കുകയായിരുന്നു പരാതിക്കാരി. ഈ സമയം അടുക്കളയിലെത്തിയ മനോജ് ടി.മാത്യു സാധനങ്ങള്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് വനിതാ വാച്ചറെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വാച്ചര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒച്ചകേട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വനിതാ വാച്ചറുടെ പരാതിയില്‍ പെരിയാര്‍ റേഞ്ച് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്ന് അഭ്യന്തര പരാതി പരിഹാര കമ്മറ്റിയും അന്വേഷണം നടത്തി, മനോജിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതോടെ മനോജിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തില്‍ മൂഴിയാര്‍ പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.