Thursday, May 2, 2024
indiaNewsObituaryworld

ക്യാപ്റ്റന്‍ സര്‍ ടൂം മൂര്‍ അന്തരിച്ചു.

ബ്രിട്ടീഷ് സൈനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത സേവനം കാഴ്ച വെച്ച ക്യാപ്റ്റന്‍ സര്‍ ടൂം മൂര്‍( 99)  അന്തരിച്ചു. കൊറോണ ബാധമൂലമുള്ള ചികിത്സയ്ക്കിടെയാണ് അന്തരിച്ചത്. സമീപകാലത്ത് സ്വന്തം വീടിന് ചുറ്റും വാക്കറുപയോഗിച്ച് നടന്ന് മൂര്‍ കൊറോണയ്ക്ക് വേണ്ടി ധനസമാഹരണം നടത്തി ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് 99-ാം വയസ്സിലും വീടിന് ചുറ്റും 100 റൗണ്ട് നടന്ന് ഏവരേയും അമ്പരപ്പിച്ചത്. ഈ സംരംഭത്തിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്റെ ആരോഗ്യ രംഗത്തിന് മൂര്‍ നല്‍കിയത്. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്. മൂറിന്റെ പരിശ്രമത്തിന് ബ്രട്ടീഷ് വ്യോമസേന നടത്തിയതും സമാനതകളില്ലാത്ത ആദരവാണ്. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചു.യോര്‍ക്ഷെയറില്‍ 1920 ഏപ്രില്‍ 30 നാണ് മൂര്‍ ജനിച്ചത്. കെട്ടിടനിര്‍മ്മാതാക്കളായ മാതാപിതാക്കളുടെ മകനായിട്ടായിരുന്നു ജനനം. 1940ല്‍ മൂര്‍ ബ്രിട്ടീഷ് കരസേനയുടെ ഭാഗമായി. ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച മൂര്‍ ബര്‍മ്മയില്‍ നിന്നുകൊണ്ട് ജപ്പാനെതിരായ പോരാട്ടത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു.