Saturday, May 18, 2024
keralaNewspolitics

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

കൊച്ചി; സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫെബ്രുവരിയിലെ ഉത്തരവ് പിന്‍വലിക്കാന്‍ പോകുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാന്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിയാണ് ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്.ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നു വിലയിരുത്തി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ തള്ളി. നിയമപരമായി പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും സര്‍ക്കാരിനു നല്‍കി. സര്‍ക്കാര്‍ ഫെബ്രുവരി 6 ന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടനയുടെ 102-ാം ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം 2018 ഓഗസ്റ്റ് 15 മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മാറ്റിയെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

ഇതിനിടെ ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. അതോടെയാണു പഴയ ഉത്തരവ് പിന്‍വലിച്ചു പുതിയ നിയമപ്രകാരം ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയത്.