Wednesday, May 15, 2024
keralaNews

കോവിഡ് വ്യാപനം ;സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാക്‌സിന്‍ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിന്‍ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ലഭ്യതയില്‍ നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ പഠനം കഴിഞ്ഞവര്‍ക്കു താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നല്‍കും. എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകള്‍ ബുധനാഴ്ച മുതല്‍ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകള്‍ അടച്ചിടും. മുനമ്പം ഹാര്‍ബര്‍ പൂര്‍ണമായി അടച്ചിടും.

കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്കു നിര്‍ത്തും. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്കു പുറമേ എന്‍ജിഒകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അസോസിയേഷനുകള്‍ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. നേരിട്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു കൂടുതല്‍ സഹായം നല്‍കാന്‍ കഴിയും. അത്തരം ഏജന്‍സികളെക്കുറിച്ച് നോര്‍ക്ക പരിശോധിച്ച് അംഗീകാരം നല്‍കും. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരിക്കും സഹായ വിതരണം.

സര്‍ക്കാര്‍ ആശുപത്രികളിലെ 61.3 % ഐസിയു കിടക്കകളും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളില്‍ 27.3 % ഉപയോഗത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ 1731 കോവിഡ് ഓക്‌സിജന്‍ കിടക്കകളില്‍ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്‌സിജന്‍ ഉറപ്പാക്കാന്‍ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ ഓക്‌സിജന്‍ സ്റ്റോക്ക് വളരെ വേഗം കുറയുന്ന സാഹചര്യമാണുള്ളത്. 1000 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.