Tuesday, May 14, 2024
keralaNews

കോവിഡ് ആശുപത്രിയിലെ കിടക്കകളുടെ വിവരങ്ങള്‍ അറിയാന്‍ 1056 നമ്പരിലേക്ക് വിളിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ വിവരം തേടാന്‍ 1056 എന്ന നമ്പരിലേക്ക് വിളിക്കാം. ജില്ലാതലത്തില്‍ 4 മണിക്കൂര്‍ കൂടുമ്പോള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും സംവിധാനം ഒരുക്കി.ഇതിനായി നാലു മണിക്കൂര്‍ ഇടവേളയില്‍ ഓരോ ജില്ലയിലെയും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഇതുവഴി ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ 1056 എന്ന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും ഡിപിഎംഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാവുന്നതാണ്.ആലപ്പുഴ ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകള്‍ കൂടി സജ്ജമാക്കി. ഇതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയാറായി. കാസര്‍കോട് ജില്ലയില്‍ കോവിഡ് തീവ്രവ്യാപനമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്റിലേറ്റര്‍, 114 ഐസിയു ബെഡ്, 1101 ഓക്‌സിജന്‍ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കും. ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനായി ആവശ്യമെങ്കില്‍ 50 സെന്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും.

കോളിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകള്‍ക്കാണ് ഓക്‌സിജന്‍ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്. പാലക്കാട് ജില്ലയില്‍ അഞ്ച് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 14 സ്വകാര്യ ആശുപത്രികളിലായി 27 വെന്റിലേറ്ററുകള്‍, 98 ഐസിയു ബെഡുകള്‍, 203 ഓക്‌സിജന്‍ ബെഡുകള്‍ എന്നിവയും സജ്ജമാണ്.എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി കൂടുതല്‍ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ 196 ഐസിയു കിടക്കുകളും സ്വകാര്യ ആശുപത്രികളില്‍ 228 ഐസിയു കിടക്കുകളും സജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 539 ഓക്‌സിജന്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 3988 ഓക്‌സിജന്‍ കിടക്കകളും ലഭ്യമാണ്.