Friday, May 17, 2024
educationkeralaNews

കോളേജിലെ ആക്രമണം; മഹാരാജാസ് അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ആക്രമണത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു .എസ്എഫ്ഐ നേതാവിനെ കെഎസ്യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനെ കുത്തിയ സംഭവത്തില്‍ കെഎസ്യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.  കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയറ് കുപ്പിയും  മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.

സാരമായി പരുക്കേറ്റ നാസറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുളളത്.

14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.