Tuesday, May 14, 2024
keralaNews

കോപ്റ്റര്‍ വീണ സ്ഥലത്ത് പരിശോധന തുടങ്ങി

ന്യൂഡല്‍ഹി; കുനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, യുകെ, ചൈന, റഷ്യ, ജര്‍മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇസ്രയേല്‍, പാക്കിസ്ഥാന്‍, സിംഗപുര്‍, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളും അനുശോചനം അറിയിച്ചു. തന്റെ രാജ്യത്തെ സേവിക്കുകയും യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിന് സംഭാവന നല്‍കുകയും ചെയ്ത അസാമാന്യമായ നേതാവായി ജനറല്‍ റാവത്തിനെ ഓര്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സ്ഥലത്ത് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. അപകടത്തില്‍ മരിച്ച 13 പേരുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ 8ന് വെല്ലിങ്ടന്‍ സൈനിക ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കും. റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടത്തും. മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.