Tuesday, May 21, 2024
keralaNews

കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം.

കൊല്ലം: കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. പണം ആവശ്യപ്പെട്ടാണ് അമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത്. കൊല്ലം ചവറയിലാണ് സംഭവം. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അമ്മയെ വരാന്തയിലേക്ക് വലിച്ചെറിയുകയായിരുന്നു. മകന്‍ ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ അടുക്കള ഭാഗത്തുവെച്ചാണ് അമ്മയെ അടിക്കുന്നത്.
84 വയസ്സുള്ള ഓമനയുടെ കൈയ്യില്‍ യുവാവ് പണം നല്‍കിയിരുന്നു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൃഗീയമായി മര്‍ദ്ദിച്ചത്. ആദ്യം അമ്മയുടെ മുഖത്ത് അടിക്കുന്നതും വരാന്തയിലേക്ക് എടുത്ത് എറിയുന്നതും അവിടെ നിന്നും വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. നേരത്തേയും ഓമനക്കുട്ടന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഓമനകുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാണ് പോലീസിന്റെ ശ്രമം.