Thursday, May 16, 2024
HealthkeralaNews

കൊല്ലം പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ ആശുപത്രിയാണ് പേരിലാകുന്നത്

കൊല്ലം ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ (പി.എം.എഫ്) ഇനി മുതല്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറായി പ്രവര്‍ത്തിക്കും. ആസ്റ്റര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏഴാമത് ആശുപത്രിയായി ആസ്റ്റര്‍ പി.എം.എഫ് എന്ന പേരില്‍ ആശുപത്രി ബുധനാഴ്ച കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മേയ് 31-നായിരുന്നു ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പി.എം.എഫുമായി ഇതുസംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടത്.   കാര്‍ഡിയാക് സയന്‍സ്, കാര്‍ഡിയോ തൊറാക്‌സിക് ആന്റ് വാസ്‌കുലാര്‍ ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ന്യൂറോളജി, നെഫ്രോളജി, എമര്‍ജന്‍സി മെഡിസിന്‍, അനസ്‌തേഷ്യോളജി, ഡെന്റിസ്ട്രി, റൂമറ്റോളജി, സൈക്യാട്രി തുടങ്ങി 16 വിഭാഗങ്ങളിലായി ഏറ്റവും മികച്ച ചികിത്സയാണ് ആസ്റ്റര്‍ പി.എം.എഫില്‍ വിഭാവനം ചെയ്യുന്നത്. ഇതിന് പുറമേ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അതിവിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ന്യൂറോ സര്‍ജറി, കരള്‍ രോഗ വിഭാഗം എന്നിവയിലായി ആഴ്ചയില്‍ മൂന്ന് ദിവസം വീതമാകും ഈ സേവനങ്ങള്‍ നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ആംബുലന്‍സ് സേവനം, അത്യാധുനിക നിലവാരത്തിലുള്ള നാലു ഓപ്പറേഷന്‍ തീയേറ്ററുകള്‍, സി.ടി സ്‌കാന്‍, സര്‍വ്വ സജ്ജമായ ലാബ് സൗകര്യം തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.        100 ബെഡുകളാണ് നിലവിലുള്ളത്. ഭാവിയില്‍ 50 ശതമാനം ബെഡുകള്‍ കൂടി വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മെഡിക്കല്‍ ഇന്‍ഡന്‍സീവ് കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, നിയോനാറ്റല്‍ ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, സി.ടി.വി.എസ് ഐ.സി.യു എന്നീ തീവ്ര പരിചരണ വിഭാഗങ്ങളിലായി 35 ഐ.സി.യു ബെഡുകളും സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പി.എം.എഫിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആസ്റ്റര്‍ പി.എം.എഫ് ഓപ്പറേഷന്‍ ഹെഡ് വി.കെ വിജീഷ്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. നഫീല്‍ അബ്ദുല്‍ മജീദ്, ക്ലിനിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.