Sunday, June 16, 2024
indiaNews

കൊല്‍ക്കത്ത ഹൈക്കോടതി ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമ ബാഗാളില്‍ 2010 മുതല്‍ അനുവദിച്ച് നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി . ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തി, രാജശേഖര്‍ മന്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഒബിസി (പിന്നാക്ക വിഭാഗം) സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

2010 ന് ശേഷം അനുവദിച്ചിരിക്കുന്ന ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ കമ്മീഷന്റെ പിന്നാക്ക വിഭാഗ ആക്ട് 1993 പ്രകാരമുള്ള പുതിയ ഒബിസി പട്ടിക തയാറാക്കാനും നിര്‍ദ്ദേശിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ ആക്ട് 2012 ലെ സെക്ഷന്‍ 2ഒ ,5 ,6 , സെക്ഷന്‍ 16 എന്നിവയും ഷെഡ്യൂള്‍ 1 ,3 ഇവയും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍, ഇതിനകം സര്‍വീസിലിരിക്കുന്നവരോ സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചവരോ സംസ്ഥാനത്തിന്റെ ഏതെങ്കിലും നിയമന പ്രക്രിയയില്‍ വിജയിച്ചവരോ ആയ, പിന്നാക്ക വിഭാഗത്തില്‍പെട്ട പൗരന്മാരുടെ സേവനങ്ങളെ ഉത്തരവ് ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.2010 ന് ശേഷം അനുവദിച്ചിരിക്കുന്ന ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ 1993 ലെ പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ ആക്ട് അവഗണിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് 2011 ല്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ ഒബിസി വിഭാഗത്തില്‍പെട്ടവര്‍ക്കല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിധി അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണവും ഉത്തരവിന് പിന്നാലെ വന്നു.