Sunday, May 19, 2024
keralaNews

കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ പുരസ്‌കാരത്തിനു മലയാള മനോരമയിലെ കെ.ഹരികൃഷ്ണന്‍ അര്‍ഹനായി. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരത്തിനു ദീപികയിലെ റിച്ചാര്‍ഡ് ജോസഫും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ പുരസ്‌കാരത്തിനു മാതൃഭൂമി ദിനപത്രത്തിലെ നിലീന അത്തോളിയും അര്‍ഹരായി. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ പുരസ്‌കാരത്തിനു മാതൃഭൂമി നേമം ബ്യൂറോയിലെ ആര്‍.അനൂപും മികച്ച ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി പുരസ്‌കാരത്തിനു മെട്രോവാര്‍ത്തയിലെ മനുഷെല്ലിയും അര്‍യഹരായി. ന്യൂസ് ഫൊട്ടോ വിഭാഗത്തില്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ദീപപ്രസാദ് പ്രോത്സാഹനസമ്മാനത്തിന് അര്‍ഹനായി.

മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം മീഡിയവണ്ണിലെ സുനില്‍ ബേബിയ്ക്കാണ്. ന്യൂസ് 18ലെ ശരത്ചന്ദ്രന്‍, ഏഷ്യാനെറ്റിലെ സാനിയോ എന്നിവര്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും ഗ്ലോബല്‍ മീഡിയ ഫൊട്ടോഗ്രാഫര്‍ പുരസ്‌കാരം പ്രമുഖ ഐറിഷ്-കനേഡിയന്‍ ഫൊട്ടോ ജേണലിസ്റ്റ് ബാര്‍ബറ ഡേവിഡ്‌സണിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് സമ്മാനിക്കുന്നത്. മൂന്നു തവണ പുലിറ്റ്‌സര്‍ പ്രൈസും എമ്മി അവാര്‍ഡും ബാര്‍ബറ നേടിയിട്ടുണ്ട്. ബാര്‍ബറ ഡേവിഡ്‌സണിനു പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സമ്മാനിക്കും. കോവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ബാര്‍ബറ കേരളപര്യടനത്തിനായി എത്തുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

.