Tuesday, May 21, 2024
keralaNews

കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കലടാക്രമണത്തിനും സാധ്യത

കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കലടാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് നാളെ രാത്രി വരെയും കേരള തീരത്ത് 2.6 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. 2021 ജൂണ്‍ 15 മുതല്‍ 18 വരെ കേരള തീരത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം. ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കുറഞ്ഞതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്.