Monday, May 20, 2024
keralaNewspolitics

കേരളം ഭരിക്കുന്നത് കണ്ണുതുറക്കാത്ത സര്‍ക്കാര്‍:രമേശ് ചെന്നിത്തല

ഥ്‌റസ് കേസും വാളയാര്‍ കേസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നീതിക്കായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ ഭീകരതയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സര്‍ക്കാരും ഇതുപോലെ ക്രൂരത കാണിക്കാന്‍ പാടില്ല. വാളയാര്‍ പ്രശ്‌നം നിരവധി തവണയാണ് യു ഡി എഫ് നിയമസഭയില്‍ ഉന്നയിച്ചത്. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. വാളയാറും ഹാഥ്‌റസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണ്. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. ഇവരുടെ വേദന കാണാന്‍ ആരുമില്ല. പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നത്’- അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മന്ത്രി എ കെ ബാലനെയും ചെന്നിത്തല വിമര്‍ശിച്ചു. ‘സമരപ്പന്തലിന് അടുത്തുവരെ സന്ദര്‍ശനം നടത്തിയെങ്കിലും മന്ത്രി ഇവിടേക്ക് വരാന്‍ തയ്യാറായില്ല. എന്തിനുവേണ്ടിയാണ് സമരം എന്നാണ് ജില്ലയുടെ ചുമതലയുളള അദ്ദേഹം ചോദിക്കുന്നത്. അതുപോലും അദ്ദേഹത്തിന് ഓര്‍മ്മയില്ല- ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയിലുളള കേസില്‍ രക്ഷിതാക്കള്‍ സമരം ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ബാലന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.