Sunday, May 19, 2024
keralaNewspolitics

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളുടേതാക്കി മാറ്റി; നയപ്രഖ്യാപനത്തിനെതിരെ ബി.ജെ.പി

സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞത്തിന്റെ ആവര്‍ത്തനം മാത്രമാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളുടേതാക്കി മാറ്റി കണ്ണില്‍പൊടിയിടുന്ന നയം ആവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഒന്നും ചെയ്യാനില്ലാതെ പിണറായി സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു. ംസ്ഥാനത്ത് കോവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമായെന്നും, കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ശ്രമിക്കുന്നതതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ കേന്ദ്രത്തിനെതിരെ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.                                                                                             കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടത്തിയതാണെന്നും, ഒന്നാം പിണറായി സര്‍ക്കാര്‍ എത്രപേര്‍ക്ക് ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപനത്തില്‍ കിഫ്ബിയില്‍ സംസ്ഥാനം എത്ര കടം എടുത്തെന്നും അതെങ്ങനെയാണ് വീട്ടുകയെന്ന് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തില്‍ ഇല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും അതിനെ സ്വാഗതം ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.