Wednesday, May 15, 2024
HealthkeralaNews

കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചു; ആശുപത്രിക്കെതിരെകേസെടുത്തു

കണ്ണൂര്‍: കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്തു. ചാലോട് ആശ്രയ ആശുപത്രിക്കെതിരെയാണ് കേസെടുത്തത്. 45 ദിവസം പ്രായമായ കുഞ്ഞിനാണ് കുത്തിവയ്പ്പ് നടത്തിയത്. ഡിസംബര്‍ പതിനെട്ടിനാണ് മട്ടന്നൂര്‍ സ്വദേശിയായ യുവാവ് കുത്തിവയ്പ്പ് നടത്താന്‍ കുഞ്ഞുമായി എത്തിയത്. നവംബറില്‍ കാലാവധി കഴിഞ്ഞ പോളിയോ മരുന്നാണ് കുഞ്ഞിന് ആശുപത്രിയില്‍ നിന്നും നല്‍കിയത്.കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന കാര്‍ഡിലെ സ്റ്റിക്കറിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ എത്തി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാരും അറിയുന്നത്. സംഭവത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി അധികൃതരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ മോശമായാണ് സംസാരിച്ചതെന്നും, അതിന് ശേഷമാണ് പരാതി നല്‍കിയതെന്നും കുട്ടിയുടെ രക്ഷിതാവ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പോലീസ് കേസെടുത്തത്.