Wednesday, May 15, 2024
Newsworld

കാര്‍ഗോ കപ്പലിന് നേരെ ഗള്‍ഫ് ഓഫ് ഏദനില്‍ വീണ്ടും ആക്രമണം

ന്യൂഡല്‍ഹി: കാര്‍ഗോ കപ്പലിന് നേരെ ഗള്‍ഫ് ഓഫ് ഏദനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യന്‍ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപ്പട്ടണം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു.

മാര്‍ഷല്‍ ദ്വീപിന്റെ പതാകയുള്ള എംവി ജെന്‍കോ പികാര്‍ഡി എന്ന കാര്‍ഗോ കപ്പലാണ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലില്‍ 22 ജീവനക്കാരാണുള്ളത്. ഇതില്‍ ഒമ്പത് പേര്‍ ഭാരതീയരാണ്. ആക്രമണത്തില്‍ ആളപായമില്ലെന്നും ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഇന്ത്യന്‍ നാവിക സേന എക്സിലൂടെയാണ് അറിയിച്ചത്.

ആക്രമിക്കപ്പെട്ട ജെന്‍കോ പികാര്‍ഡിയുടെ ചിത്രങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.  രക്ഷാദൗത്യത്തിന് എത്തിയതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ പികാര്‍ഡിയിലേക്ക് കയറുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സമീപമുള്ള തുറമുഖത്തേക്ക് ചരക്കുകപ്പല്‍ നീങ്ങുകയാണ്. ചെങ്കടലില്‍ വിവിധ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധേയമാണ്.