Monday, May 13, 2024
indiaNewsworld

കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി താലിബാന്‍

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി താലിബാന്‍ അധികാരം സ്വന്തമാക്കിയുള്ള, ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്’ പ്രഖ്യാപനം ഏത് നിമിഷവും പ്രതീക്ഷിക്കാം. ഇന്നലെ കാബൂള്‍ വളഞ്ഞ ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ കമാന്‍ഡറിന്റെ നേതൃത്വത്തില്‍ കയ്യടക്കിയത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കി. അഫ്ഗാന്‍ ജനങ്ങള്‍ക്കും, മുജാഹിദുകള്‍ക്കും ഇന്ന് നല്ല ദിവസമാണെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും വക്താവ് മുഹമ്മദ് നയീം പറഞ്ഞു. കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആരെയും ഭീതിയിലാക്കരുതെന്ന് അനുയായികളോട് താലിബാന്‍ നിര്‍ദേശം നല്‍കി. സാധാരണക്കാരുടെ ദൈനംദിന പ്രവൃത്തികള്‍ തടസപ്പെടുത്തരുതെന്നും നിര്‍ദേശം.