Saturday, May 18, 2024
keralaNews

കളമശ്ശേരി സ്‌ഫോടനം: റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്. ഇന്റര്‍നെറ്റിലൂടെയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് വെളിപ്പെടുത്തി. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. പ്രാര്‍ത്ഥനായോഗ സ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചത്.

സ്‌ഫോടനം നടത്തിയത് ഡൊമിനിക് തന്നെയാണ് സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് മൊബൈലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ ഉച്ചയോടെ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുകില്‍ കുറ്റസമ്മതമൊഴി പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് സ്‌ഫോടനത്തിലെ പ്രതി എന്ന് സ്ഥിരീകരണം പുറത്ത് വന്നത്.