Saturday, April 20, 2024
indiaNews

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാ സ്ഥാപനം അടുത്ത മാസം.

 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാ സ്ഥാപനം അടുത്ത മാസം നടക്കുമെന്ന് സൂചന. പ്രധാനമന്ത്രിയ നരേന്ദ്ര മോദിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീയതി പ്രഖ്യാപനം. ഡിസംബര്‍ 10ന് തറക്കല്ലിടല്‍ ചടങ്ങ് നടത്താനാണ് ആലോചിക്കുന്നത്. 21 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 861.90 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.നിര്‍മ്മാണ കാലത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉള്‍പ്പെടെ പാര്‍ലമെന്റ് സമുച്ചയത്തിലെ പ്രതിമകള്‍ താത്കാലികമായി മാറ്റി സ്ഥാപിക്കും. പണി പൂര്‍ത്തിയായാല്‍ ഇവ ഉചിതമായ സ്ഥാനങ്ങളില്‍ പുനസ്ഥാപിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയി്ച്ചു. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനവും ഒരുക്കും.

നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ കെട്ടിടവും. എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസും പുതിയ മന്ദിരത്തിലുണ്ടാകും. വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്ക് വേണ്ടി ലോഞ്ച്, ലൈബ്രറി, വിവിധ സമിതികള്‍ക്കായുള്ള മുറികള്‍, ഡൈനിംഗ് ഹാളുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ പുതിയ മന്ദിരത്തില്‍ സജ്ജമാക്കും.പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുന്നതു വരെ പഴയ മന്ദിരം പതിവുപോലെ പ്രവര്‍ത്തിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞാല്‍ പഴയത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.ഡല്‍ഹിയുടെ ശില്‍പ്പികളായ എഡ്വിന്‍ ല്യൂട്ടണും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തത്. 1921 ഫെബ്രുവരി 12ന് ആയിരുന്നു ശിലാസ്ഥാപനം. ആറ് വര്‍ഷംകൊണ്ടാണ് പണി പൂര്‍ത്തിയായത്. ചെലവ് 83 ലക്ഷം രൂപയായിരുന്നു. 1927 ജനുവരി 18ന് ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭുവാണ് പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.