Thursday, May 16, 2024
NewsObituaryworld

കറാച്ചിയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദം, രണ്ട് കുട്ടികളുടെ അമ്മ

ഇസ്ലാമാബാദ്:കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം ചാവേറായി പൊട്ടിത്തെറിച്ച യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ചാവേര്‍ ഷാരി ബലോച് ഉന്നത വിദ്യാഭ്യാസം നേടിയ യുവതി  30കാരിയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും വിവരങ്ങള്‍ പുറത്തുവന്നു.

ദന്ത ഡോക്ടറെയാണ് ഷാരി വിവാഹം ചെയ്തത്. ബലൂചിസ്ഥാനിലെ ടര്‍ബാത് മേഖലയിലുള്ള നിസാര്‍ അബാദ് സ്വദേശിയാണ് ഷാരിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എംഎസ്‌സി സുവോളജി പാസായ ശേഷം എംഫില്ലിന്പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രസ്താവനയില്‍ അറിയിച്ചു.ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചത് ഞെട്ടിച്ച സംഭവമാണ്.

എന്നാല്‍ അവരുടെ പ്രവൃത്തിയില്‍ അഭിമാനമുണ്ടെന്ന് ഭര്‍ത്താവും ഡോക്ടറുമായ ഹബിതാന്‍ ബഷിര്‍ ബലോച് പറഞ്ഞു. ദമ്പതികള്‍ക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ടെന്നും ഭര്‍ത്താവിനെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകനായ ബഷിര്‍ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി.

രണ്ട് വര്‍ഷം മുമ്പാണ് ഷാരി ബിഎല്‍എയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ അംഗത്വമെടുത്തത്. കുട്ടികളുള്ള യുവതിയായതിനാല്‍ സ്‌കാഡില്‍നിന്നു പിന്മാറാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ തയാറായില്ല. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണ് ബിഎല്‍എയുടെ ലക്ഷ്യം.
വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ഷാരി ‘ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷ’ന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ ഷാരി പ്രവര്‍ത്തിച്ചു. അതിനിടെ അവര്‍ക്ക് പിന്മാറാന്‍ സംഘടന അവസരം നല്‍കി.

എന്നാല്‍ അവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ അവരെ ബ്രിഗേഡിന്റെ ഭാഗമാക്കി. തങ്ങളുടെ ആദ്യ വനിതാ ചാവേറാണ് ഷാരി ബലോചെന്ന് ബിഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ മേഖലയിലെ ചൈനയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സാന്നിധ്യം ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പറയുന്നു.